കരാർ പുതുക്കിയില്ല, ശമ്പളവും ഇല്ല… ഫീൽഡ് സർവേ നിലച്ച അവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പദ്ധതി പ്രതിസന്ധിയിൽ. മൂവായിരത്തിലേറെ കരാർ ജീവനക്കാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പലരും ജോലി നിർത്തിയതോടെ വിവിധ ജില്ലകളിൽ സർവേ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സർവേയർമാരും ഹെൽപ്പർമാരുമാണ് ശമ്പള കുടിശികയെ തുടർന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചില ജീവനക്കാരുടെ കരാർ മൂന്ന് മാസം ശമ്പളം നൽകാതെയാണ് അവസാനിപ്പിച്ചതെന്നും പരാതിയുണ്ട്.

ഫീൽഡ് ജോലികൾ ചെയ്യുന്ന നിരവധി പേരുടെ കരാർ പുതുക്കാത്തതും സർവേ പ്രവർത്തനങ്ങളെ ബാധിച്ചു. ജീവനക്കാരിൽ പലരുടെയും വായ്പാ തിരിച്ചടവുകൾ മുടങ്ങിയെന്നും കുടുംബ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ജീവനക്കാർ പറയുന്നു. പണം ലഭിക്കാത്തതിനെ തുടർന്ന് ചില ജില്ലകളിൽ ജീവനക്കാർ പരസ്യ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സ്വയം ജോലി ഉപേക്ഷിച്ച് പോയവരുടെ എണ്ണവും വർധിച്ചുവരികയാണ്.

സംസ്ഥാനത്തെ ഭൂമി ഡിജിറ്റലായി രേഖപ്പെടുത്താനുള്ള മുൻ സർക്കാരിന്റെ അഭിമാന പദ്ധതിയാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. പദ്ധതി മറ്റ് പല സംസ്ഥാനങ്ങളും മാതൃകയാക്കിയിരുന്നെങ്കിലും, സംസ്ഥാനത്ത് പുരോഗതി മന്ദഗതിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ആകെ 1666 വില്ലേജുകളിൽ 242 വില്ലേജുകളിലാണ് നിലവിൽ ഡിജിറ്റൽ സർവേ പൂർത്തിയായിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ജീവനക്കാരുടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ പ്രതികരിച്ചു. പദ്ധതിക്കായി പണം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Related Articles

Back to top button