ദേശീയപാതയിൽ കെഎസ്ആർടിസിയുടെ ‘റിവേഴ്സ് ഗിയർ’…. ടോൾ നൽകാൻ പണമില്ല, മൂന്ന് കിലോമീറ്റർ വൺവേ തെറ്റിച്ച് പാഞ്ഞ് സൂപ്പർഫാസ്റ്റ്

കോഴിക്കോട്: ദേശീയപാതയിൽ ട്രാഫിക് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കെഎസ്ആർടിസി ബസിന്റെ അപകടകരമായ വൺവേ യാത്ര. കോഴിക്കോട് ദേശീയപാതയിൽ ഇക്കഴിഞ്ഞ നാലാം തീയതിയാണ് ദാരുണമായ അപകടത്തിന് വഴിവെക്കാമായിരുന്ന ഈ സംഭവം നടന്നത്. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസാണ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് കിലോമീറ്ററുകളോളം ഓടിച്ചത്. ഹൈവേയിലൂടെ മറ്റു വാഹനങ്ങൾ പാഞ്ഞു വരുന്നതിനിടയിലൂടെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് ബസ് വൺവേ തെറ്റിച്ച് സഞ്ചരിച്ചത്. ഇത്രയും ദൂരം നിയമം ലംഘിച്ച് വണ്ടി ഓടിച്ചതിന് ജീവനക്കാർ നൽകിയ വിശദീകരണമാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുന്നത്.
ടോൾ പ്ലാസയിൽ എത്തിയപ്പോൾ ടോൾ അടയ്ക്കാനായി ബസ് ജീവനക്കാരുടെ പക്കൽ പണമില്ലായിരുന്നു എന്നാണ് വിശദീകരണം. ഇതോടെ ടോൾ കൊടുക്കാതെ രക്ഷപ്പെടാൻ ബസ് വന്ന വഴിയിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു. വൺവേയിലൂടെ അതിവേഗത്തിൽ ബസ് വരുന്നത് കണ്ട് മറ്റു വാഹനങ്ങളാണ് കൃത്യസമയത്ത് മാറിപ്പോയത്. വലിയൊരു അപകടസാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായത്. കെഎസ്ആർടിസി ബസിന്റെ ഈ നിയമലംഘനത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.



