ആദ്യ മഴയിൽത്തന്നെ ‘കുളമായി’ കൊച്ചി സൗത്ത് കെഎസ്ആർടിസി സ്റ്റാൻഡ്…. കോടികൾ ചെലവിട്ടുള്ള നവീകരണം പ്രഹസനമെന്ന് ആക്ഷേപം

കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ നഗരത്തെ വെള്ളത്തിലാക്കി കൊച്ചിയിൽ ശക്തമായ മഴ. പുലർച്ചെ പെയ്ത കനത്ത മഴയിൽ എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. മഴക്കാലത്തെ നേരിടാൻ കോടികൾ ചെലവഴിച്ച് അടുത്തിടെ നവീകരിച്ച ബസ് സ്റ്റാൻഡാണ് ആദ്യ മഴയിൽത്തന്നെ തോടായി മാറിയത്. സ്റ്റാൻഡിൽ ബസ് നിർത്തിയിടുന്ന ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ പുലർച്ചെ എത്തിയ യാത്രക്കാർ കടുത്ത ദുരിതത്തിലായി.

ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിൽ കാര്യക്ഷമമാക്കിയെന്ന അധികൃതരുടെ അവകാശവാദങ്ങളാണ് ഇതോടെ പാഴായിപ്പോയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേയാണ് സ്റ്റാൻഡിന്റെ നവീകരണ ജോലികൾ ധൃതിപിടിച്ച് പൂർത്തിയാക്കിയിരുന്നത്. എന്നാൽ കാനകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് ഈ വെള്ളക്കെട്ടിന് കാരണമായതെന്ന് പൊതുജനം ആരോപിക്കുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമല്ല, പുലർച്ചെ പെയ്ത ശക്തമായ മഴയിൽ കൊച്ചി നഗരത്തിന്റെ മറ്റ് പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. റോഡുകളിൽ വെള്ളം ഉയർന്നത് രാവിലെ തന്നെയുള്ള വാഹന ഗതാഗതത്തെയും ബാധിച്ചു.

അതേസമയം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായാൽ നഗരത്തിലെ ദുരിതം ഇരട്ടിക്കുമെന്നാണ് ആശങ്ക.

Related Articles

Back to top button