റോഡിലെ വെള്ളക്കെട്ട് ചോദ്യം ചെയ്തു…. ചിത്രകാരി ശ്രീജ കളപ്പുരയെ ഇരുമ്പ് ചൂലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

കൊച്ചി: റോഡിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത വനിതാ കലാകാരിക്ക് നേരെ അയൽക്കാരന്റെ ക്രൂരമായ ആക്രമണം. എറണാകുളം അയമ്പള്ളിയിലാണ് സംഭവം. പ്രശസ്ത ചിത്രകാരിയായ ശ്രീജ കളപ്പുരയെയാണ് അയൽവാസിയായ സണ്ണി ഇരുമ്പ് ചൂലുകൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ വലിയ ജനരോഷം ഉയർന്നതിനും വാർത്തയായതിനും പിന്നാലെ പ്രതി സണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സണ്ണിയും ശ്രീജയും തമ്മിൽ റോഡിൽ മണ്ണിട്ടതിനെ ചൊല്ലി തർക്കമുണ്ടായത്. പ്രദേശത്തെ കൗൺസിലറുടെ സാന്നിധ്യത്തിലായിരുന്നു സണ്ണിയുടെ ഈ ജനവിരുദ്ധ നടപടിയെ ശ്രീജ ചോദ്യം ചെയ്തത്. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയാൽ വെള്ളം കെട്ടിനിന്ന് പ്രദേശവാസികളുടെ യാത്ര ബുദ്ധിമുട്ടിലാകുമെന്ന് ശ്രീജ ചൂണ്ടിക്കാട്ടി.

തർക്കത്തിനിടയിൽ സണ്ണിക്കെതിരെയുള്ള ചില സ്വഭാവദൂഷ്യ പ്രശ്നങ്ങൾ കൂടി ശ്രീജ ഉന്നയിച്ചതോടെയാണ് പ്രതി അക്രമാസക്തനായത്. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ചൂലിലെ മൂർച്ചയുള്ള കമ്പികൊണ്ട് സണ്ണി ശ്രീജയുടെ കഴുത്തിന് നേരെ കുത്തുകയായിരുന്നു. ഇരുമ്പ് കമ്പികൊണ്ടുള്ള കുത്തിൽ ശ്രീജയുടെ കഴുത്തിന് ചുറ്റും പത്തോളം മുറിവുകളാണുണ്ടായത്. കമ്പി കഴുത്തിലേക്ക് പൂർണ്ണമായി തുളച്ച് കയറുന്നത് കൈകൊണ്ട് തടഞ്ഞതിനാലാണ് തന്റെ ജീവൻ അപകടപ്പെടാതിരുന്നതെന്ന് ശ്രീജ പറഞ്ഞു. അതേസമയം, കഴുത്തിന് ഇത്രയും ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കാനോ ഉടനടി പിടികൂടാനോ പോലീസ് തയ്യാറായില്ലെന്ന് ശ്രീജ ആരോപിച്ചു. കേവലം നിസ്സാര വകുപ്പുകൾ മാത്രമാണ് പ്രതിക്കെതിരെ ആദ്യം ചുമത്തിയത്. എന്നാൽ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസ് നടപടി ശക്തമാക്കുകയായിരുന്നു. നിലവിൽ സംഭവസ്ഥലത്തെത്തി സാക്ഷികളുടെ മൊഴിയടക്കം രേഖപ്പെടുത്തി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Related Articles

Back to top button