സംസ്ഥാനത്ത് ഐഎഎസ്-ഐപിഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി…. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മാറിയേക്കും

സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഭരണസിരാകേന്ദ്രങ്ങളിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി യുഡിഎഫ് സർക്കാർ. ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന സിവില്‍ സര്‍വീസ് ബോര്‍ഡ് യോഗത്തില്‍ സ്ഥലംമാറ്റം സംബന്ധിച്ച തങ്ങളുടെ താത്പര്യങ്ങള്‍ മുതിർന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു കഴിഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉൾപ്പെടെയുള്ള പോലീസ് തലപ്പത്തും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറു ജില്ലാ കളക്ടര്‍മാരെ മാറ്റിയതൊഴിച്ചാല്‍ ഐഎഎസ് തലപ്പത്ത് മറ്റു കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. മുൻ ഇടതുപക്ഷ സർക്കാരിന് പ്രിയപ്പെട്ടവരായ ഉദ്യോഗസ്ഥർ ഇപ്പോഴും തന്ത്രപ്രധാന വകുപ്പുകളിൽ തുടരുന്നതിൽ ഭരണാനുകൂല ഉദ്യോഗസ്ഥ സംഘടനകൾ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ഇതോടെയാണ് അഴിച്ചുപണി വേഗത്തിലാക്കാൻ സിവിൽ സർവീസ് ബോർഡ് തീരുമാനിച്ചത്.
സസ്‌പെൻഷൻ കാലാവധിക്ക് ശേഷം സർവീസിൽ തിരികെ പ്രവേശിച്ച മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. ബി. അശോക് തനിക്ക് പ്രധാന കേഡർ തസ്തിക വേണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ അവസാനകാലത്ത് തന്നെ അപ്രധാന വകുപ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും അദ്ദേഹം ബോർഡിനെ അറിയിച്ചു. ഇതോടൊപ്പം, മുൻപ് ചീഫ് സെക്രട്ടറിയുമായി പരസ്യമായി കൊമ്പുകോർത്ത് വാർത്തകളിൽ നിറഞ്ഞ എൻ. പ്രശാന്തിനും പുതിയ പോസ്റ്റിംഗ് ഉണ്ടാകും. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമാണ്. നിലവിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ധനകാര്യ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരിലൊരാള്‍ ചീഫ് സെക്രട്ടറി പദവിയിലെത്തും. സീനിയോറിറ്റിയില്‍ മുന്നില്‍ ബിശ്വനാഥ് സിന്‍ഹയാണെങ്കിലും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക.
ഐഎഎസ് തസ്തികകൾക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉടൻ കൂടിക്കാഴ്ച നടത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിലടക്കം വലിയ മാറ്റങ്ങളുണ്ടാകും. വിവിധ സിറ്റി കമ്മീഷണര്‍മാരെയും ജില്ലകളുടെ ചുമതല വഹിക്കുന്ന എസ്പിമാരെയുമടക്കം മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ചില റെയ്ഞ്ചുകളില്‍ ഡിഐജിമാര്‍ക്ക് അധിക ചുമതല നല്‍കാനും ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നുണ്ട്.




