കാഫിർ സ്ക്രീൻഷോട്ട് കേസ്… ചോദ്യം ചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ നിർണായക നീക്കം. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ഭാരവാഹിത്വം ഒഴിഞ്ഞു. ശനിയാഴ്ചയാണ് റിബേഷ് സ്ഥാനം ഒഴിഞ്ഞത്. അതേസമയം അദ്ദേഹം ബ്ലോക്ക് കമ്മിറ്റി അംഗമായി തുടരുമെന്നാണ് വിവരം. കേസിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് റിബേഷിന്റെ ഈ അപ്രതീക്ഷിത രാജി.

കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ വടകരയിൽ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് നിലവിൽ ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യപ്പെട്ടവരിൽ അതുലും മനീഷും ‘റെഡ് വളന്റിയേഴ്സ് ബറ്റാലിയൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസാണിത്. മുൻപ് കേസിൽ കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഭരണം മാറിയതോടെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് വീണ്ടും സജീവമായി ഏറ്റെടുത്ത് അന്വേഷിക്കുകയാണ്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

Related Articles

Back to top button