ലോകകപ്പ് നടത്തിപ്പിന് പുതിയ കമ്പനി രൂപീകരിക്കാൻ…..

ലോകകപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്.ഫുട്ബോളിന്റെ ആത്മാവിനെ തന്നെ കച്ചവടമാക്കാനുള്ള ശ്രമമാണ് ഫിഫ നടത്തുന്നതെന്നാണ് യുവേഫയുടെ ആരോപണം. കളിയുടെ ഭരണസ്ഥാപനങ്ങൾ കടക്കാൻ പാടില്ലാത്ത അതിർവരമ്പാണ് ഫിഫ ലംഘിച്ചതെന്നും യുവേഫ വിമർശിച്ചു. ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ലോകകപ്പിന്റെ സംപ്രേഷണ അവകാശം, സ്പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ് തുടങ്ങിയ വാണിജ്യ മേഖലകൾ ഈ കമ്പനി നിയന്ത്രിക്കും.കമ്പനിയുടെ ഭൂരിപക്ഷ ഓഹരികൾ ഫിഫയുടെ കൈവശം തന്നെ നിലനിർത്തുമെങ്കിലും, സ്വകാര്യ നിക്ഷേപകർക്ക് ഓഹരികൾ വിറ്റ് 4.2 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നർ നയിക്കുന്ന നിക്ഷേപ ഗ്രൂപ്പ് പദ്ധതിയിലെ പ്രധാന പങ്കാളിയാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.”ഫുട്ബോളിന്റെ ആത്മാവും ഭരണവും വിൽപ്പനയ്ക്കുള്ള സ്വത്തുക്കളല്ല. ഫുട്ബോളിന് ഉടമസ്ഥരില്ല, അത് വിൽക്കാൻ ആർക്കും അവകാശമില്ല” എന്ന നിലപാടാണ് യുവേഫ സ്വീകരിച്ചത്. പദ്ധതിയുമായി ഫിഫ മുന്നോട്ട് പോയാൽ ലോകകപ്പ് ബഹിഷ്കരണം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പരിഗണിക്കുമെന്നും യുവേഫ മുന്നറിയിപ്പ് നൽകി.അതേസമയം, ഫുട്ബോളിന്റെ ആഗോള വികസനത്തിനായാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ വിശദീകരണം. മത്സരങ്ങളുടെ നിയമങ്ങൾ, കലണ്ടർ, കായിക തീരുമാനങ്ങൾ എന്നിവയിൽ ഫിഫയുടെ നിയന്ത്രണം തുടരുമെന്നും ഫിഫ വ്യക്തമാക്കി. എന്നാൽ സ്വകാര്യ നിക്ഷേപകർ കടന്നുവരുന്നതോടെ ലോകകപ്പിന്റെ നടത്തിപ്പിലും മത്സരക്രമത്തിലും വാണിജ്യ സമ്മർദ്ദം ഉണ്ടാകുമെന്ന ആശങ്കയിലാണ് താരങ്ങളും ആരാധകരും.




