അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ ഈ രാജ്യം പുറത്ത്

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്. അംഗത്വത്തിനായി റഷ്യയുടെ പിന്തുണ തേടിയിരുന്നെങ്കിലും പാകിസ്താൻ്റെ ശ്രമങ്ങൾ വീണ്ടും പരാജയപ്പെടുകയായിരുന്നു.2023ലാണ് ബ്രിക്‌സ് അംഗത്വത്തിനായി പാകിസ്താൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ പാകിസ്താന് അംഗത്വം നൽകുന്നതിനെതിരെ ഇന്ത്യ ശക്തമായ എതിർപ്പ് ഉന്നയിക്കുകയായിരുന്നു.നിലവിലെ നിയമപ്രകാരം ഒരു പുതിയ രാജ്യത്തിന് ബ്രിക്‌സിൽ അംഗത്വം ലഭിക്കണമെങ്കിൽ നിലവിലുള്ള എല്ലാ അംഗരാജ്യങ്ങളുടെയും സമ്പൂർണ പിന്തുണ അത്യാവശ്യമാണ്. കൂട്ടായ്മയിൽ ഇന്ത്യക്ക് വീറ്റോ അധികാരമുണ്ട്.
അതുകൊണ്ട് ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാകിസ്താന് കൂട്ടായ്മയിലേക്ക് പ്രവേശനം സാധ്യമാകില്ല. കഴിഞ്ഞവർഷം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ രാജ്യങ്ങളെ ഉൾപ്പെടുത്തി ‘ബ്രിക്‌സ് പ്ലസ്’ ആയി കൂട്ടായ്മ വിപുലീകരിച്ചപ്പോഴും ഇന്ത്യ വീറ്റോ അധികാരം ഉപയോഗിച്ചതിനാൽ പാകിസ്താന് പുറത്ത് നിൽക്കേണ്ടി വന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ പുതിയ സാമ്പത്തിക സഹായ സ്രോതസ്സുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അംഗത്വത്തിനായി ശ്രമിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് ശക്തമായ കൂട്ടായ്മയായി വളരുകയാണ്. പാകിസ്താൻ ഉൾപ്പെടെ 29 രാജ്യങ്ങളാണ് നിലവിൽ ബ്രിക്സിലെ അംഗത്വത്തിനായി കാത്തിരിക്കുന്നത്.




