അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ എതിരെ വന്ന വാഹനത്തിൽ തട്ടി; ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് 14കാരൻ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൽ 14കാരന് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്.അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങുകയായിരുന്നു.
കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് അപകടം. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അമ്മ എതിർ ഭാഗത്തേക്കും മകൻ ലോറിക്ക് അടിയിലേക്കുമാണ് വീണത്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്.
