വട്ടപ്പാറ ബിവറേജിന് മുന്നിൽ മദ്യപസംഘങ്ങളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാൻ ചെന്ന പോലീസിന് നേരെയും അതിക്രമം ; 4 പേർ പിടിയിൽ

വട്ടപ്പാറ കൺസ്യൂമർഫെഡ് ബിവറേജ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യപസംഘങ്ങൾ തമ്മിൽ തെരുവ് യുദ്ധം. തല്ലുപിടിക്കാൻ ചെന്ന രണ്ട് പോലീസുകാർക്കും മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു നാട്ടുകാരെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്ത്തിയ സംഭവം. ബിവറേജിൽ മദ്യം വാങ്ങാനെത്തിയവരും അവിടെയുണ്ടായിരുന്ന മറ്റൊരു മദ്യപസംഘവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു. സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ ആദ്യം കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മദ്യപസംഘങ്ങളുടെ കൂട്ടത്തല്ലിനെത്തുടർന്ന് നാട്ടുകാർ വട്ടപ്പാറ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസിനെ മദ്യപസംഘം ആക്രമിക്കുകയുമായിരുന്നു. കൂട്ടത്തല്ലിനെത്തുടർന്ന് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ പോലീസെത്തിയാണ് മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ അസഭ്യവർഷം തുടർന്നുവെന്നാണ് പോലീസ് പറയുന്നത്.



