എം.എ ബേബിയുടെ നേതൃത്വത്തിൽ ഇഡി ആസ്ഥാനത്തേക്ക് സിപിഎം മാർച്ച്

സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സമരം ശക്തമാക്കി സി.പി.ഐ.എം. ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് സി.പി.ഐ.എം വൻ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിന് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി നേരിട്ട് നേതൃത്വം നൽകും.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി ഘടകങ്ങളിൽ നിന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇഡിയുടെ അപ്രതീക്ഷിത നീക്കം. റെയ്ഡ് വാർത്ത പുറത്തുവന്നതോടെ കടുത്ത പ്രതിരോധവുമായി സി.പി.ഐ.എം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ടാണ് പാർട്ടി ഇപ്പോൾ തെരുവിലേക്ക് ഇറങ്ങുന്നത്. ഇപ്പോൾ നടക്കുന്ന പരിശോധനകൾ ബിജെപിയും കോൺഗ്രസും സംയുക്തമായി ആസൂത്രണം ചെയ്ത ഓപ്പറേഷന്റെ ഭാഗമാണെന്നാണ് സി.പി.ഐ.എം നേതാക്കളുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഈ ആരോപണം ഉന്നയിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസി നാടകം കളിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി പരിശോധന നടത്തുന്നത്. മുൻ മന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും സിഎംആർഎൽ, എക്സാലോജിക് കമ്പനികളുമായി ബന്ധപ്പെട്ട ഓഫീസുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ, സിഎംആർഎൽ കമ്പനി ഡയറക്ടർ ശരൺ എസ്. കർത്ത എന്നിവരെ ഇഡി സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button