കുന്നംകുളം കസ്റ്റഡി മർദ്ദനം; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി, നടപടി യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് മർദനമേറ്റ സംഭവത്തിൽ

കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന സുജിത്തിനെ 2023 ഏപ്രിൽ ആറിന് കസ്റ്റഡിയിൽ മർദിച്ച കേസിലാണ് നടപടി. സുജിത്തും കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നിവേദനം നൽകി. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം എന്നാണ് ആവശ്യം. അഞ്ച് പേരെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം. തുടർന്നാണ് രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടുക്കുന്ന മർദനം പുറംലോകം അറിഞ്ഞത്.




