കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരിയെ ബന്ധുക്കൾ സ്പായിൽ വിറ്റു; പെൺകുട്ടിയെ ലൈംഗികമായി…

കോവളത്ത് പതിനാറുകാരിയെ ബന്ധുക്കൾ സ്പായിൽ വിറ്റു. പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്നാണ് വിൽപന നടത്തിയത്. പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പത്തോളം സ്പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ആന്ധ്രാ സ്വദേശിനിയാണ് പെൺകുട്ടി.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവർക്കായിരുന്നു. കുട്ടിയെ വിറ്റ ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.ജൂലായ് മുതൽ വിവിധ സ്പാകളിലായി പെൺകുട്ടി ജോലി ചെയ്ത് വരികയായിരുന്നു.
ഇതിനിടെയാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റാണോ എന്നാണ് സംശയം. വിവിധ ഏജന്റുകൾ വഴി നടന്ന ഇടപാടുകളെക്കുറിച്ചും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



