ചെങ്ങന്നൂർ വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ…

ചെങ്ങന്നൂർ: ഗവൺമെന്‍റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.

ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിലുള്ള വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തു നിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയ്യാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.

Related Articles

Back to top button