നിയമസഭ തുടങ്ങിയിട്ടും നേതാവില്ല…. ബിജെപിയിൽ കക്ഷിനേതാവിനെ ചൊല്ലി കടുത്ത ഭിന്നത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചതിന് പിന്നാലെ ബിജെപിയിൽ കടുത്ത ഭിന്നത. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ദേശീയ എക്സിക്യൂട്ടീവ് അംഗം വി. മുരളീധരനും തമ്മിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്. പുതിയ നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടും കക്ഷി നേതാവിനെ പ്രഖ്യാപിക്കാൻ കഴിയാത്തത് പാർട്ടിക്ക് വലിയ രാഷ്ട്രീയ നാണക്കേടായി മാറിയിട്ടുണ്ട്.

തുടക്കത്തിൽ കക്ഷി നേതാവിനെ നിശ്ചയിക്കാൻ കേന്ദ്ര നേതാക്കൾ കേരളത്തിലെത്തി ചർച്ചകൾ നടത്തിയിരുന്നു. ഈ ആലോചനകളിൽ എംഎൽഎമാരുടെയും നേതാക്കളുടെയും ഭൂരിപക്ഷ പിന്തുണ വി. മുരളീധരനായിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നപ്പോൾ ഈ തീരുമാനത്തോട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. നിയമസഭാ കക്ഷി നേതാവാകണമെന്ന നിലപാടിൽ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും ഒരുപോലെ ഉറച്ചുനിൽക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്ന രാജീവ് ചന്ദ്രശേഖർ തന്നെ നിയമസഭാ കക്ഷി നേതൃത്വവും ഏറ്റെടുത്താൽ അത് ‘ഒരാൾക്ക് രണ്ട് പദവി’ എന്ന പാർട്ടി തത്വത്തിന് വിരുദ്ധമാകുമെന്നാണ് വി. മുരളീധരനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാർലമെന്ററി രംഗത്ത് വലിയ പരിചയസമ്പത്തുള്ള വി. മുരളീധരനെത്തന്നെ കക്ഷി നേതാവാക്കണമെന്ന ആവശ്യത്തിൽ അദ്ദേഹത്തോട്പ്പമുള്ളവർ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

തർക്കം മുറുകിയതോടെ വിഷയം ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ നിന്നും അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ തന്നെ നിയമസഭാ കക്ഷി നേതാവാകണമെന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നതെങ്കിൽ രാജീവ് ചന്ദ്രശേഖർ കക്ഷി നേതാവാകും. ഈ സാഹചര്യത്തിൽ വി. മുരളീധരൻ നിയമസഭാ കക്ഷി സെക്രട്ടറിയും, ബി.ബി. ഗോപകുമാർ ചീഫ് വിപ്പും ആയേക്കും. വി. മുരളീധരനെ കക്ഷി നേതാവാക്കി രാജീവ് ചന്ദ്രശേഖറിനെ പാർട്ടി സംഘടനാരംഗത്ത് പൂർണ്ണമായി നിലനിർത്തുക. കേരളത്തിലെ ബിജെപിയുടെ ചരിത്ര മുന്നേറ്റത്തിന്റെ ശോഭ കെടുത്തുന്ന രീതിയിലേക്ക് ഗ്രൂപ്പ് തർക്കങ്ങൾ വളർന്നതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരങ്ങൾ.

Related Articles

Back to top button