കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം…. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി വയോധിക രംഗത്ത്. ആറന്മുള സ്വദേശിനിയായ വത്സല (68) എന്ന വയോധികയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് തന്റെ ശരീരത്തിനുള്ളിൽ സൂചിയുടെ ഒരു ഭാഗം കുടുങ്ങിയെന്നാണ് വത്സലയുടെ ആരോപണം. കഴിഞ്ഞ ഒരു വർഷമായി ഈ സൂചി ശരീരത്തിൽ അവശേഷിക്കുകയായിരുന്നു. ഇത് പുറത്തെടുക്കുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ പൂർണ്ണ വിജയം കണ്ടില്ലെന്നും സൂചി മുഴുവനായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും വയോധിക മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. വയോധികയുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിനായി ഉപയോഗിക്കുന്ന സിറിഞ്ചിന്റെ ഭാഗം തന്നെയാണ്. സൂചി പൂർണ്ണമായി നീക്കം ചെയ്യാൻ തന്നെയാണ് ഡോക്ടർമാർ ശ്രമിച്ചത്. എന്നാൽ, ഈ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വെച്ച് എടുത്ത കുത്തിവെപ്പിലൂടെ തന്നെയാണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒരു വർഷമായി ശരീരത്തിൽ സൂചിയുമായി വേദന തിന്നുകഴിയുന്ന വയോധികയ്ക്ക് ശസ്ത്രക്രിയ നടത്തിയിട്ടും അത് പൂർണ്ണമായി മാറ്റാൻ കഴിയാത്തത് ബന്ധുക്കളിലും നാട്ടുകാരിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Related Articles

Back to top button