“ഇടതുപക്ഷം തകർന്നിട്ടില്ല, ശക്തമായി തിരിച്ചുവരും”….. പിണറായി മാറണമെന്നത് മാധ്യമ സൃഷ്ടിയെന്ന് കെ.കെ. ശൈലജ

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ സജീവമാണെന്ന വാർത്തകൾ തള്ളി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയിൽ യാതൊരുവിധ ചർച്ചകളുമില്ലെന്ന് ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തെ സംബന്ധിച്ച് പാർട്ടി പൊളിറ്റ്ബ്യൂറോ കൃത്യമായ തീരുമാനത്തിൽ എത്തിച്ചേർന്നതാണെന്നും കെ.കെ. ശൈലജ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന് ജില്ലാ കമ്മിറ്റികളിൽ കടുത്ത എതിർപ്പുണ്ടായെന്ന വാർത്തകൾ മാധ്യമങ്ങൾ പറയുന്നതാണെന്നും, കമ്മിറ്റികൾക്കുള്ളിൽ എന്താണ് ചർച്ച ചെയ്തതെന്ന് തങ്ങൾക്കല്ലേ അറിയൂ എന്നും അവർ കൂട്ടിച്ചേർത്തു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് കരുതി കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായി തകർന്നുപോയി എന്ന് ആരും കരുതേണ്ട. ഞങ്ങൾ വളരെ ശക്തമായി തന്നെ രാഷ്ട്രീയ ഭൂമികയിലേക്ക് തിരിച്ചുവരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിൽ ഞങ്ങളുടെ ഭാഗത്തുനിന്ന് പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി കൃത്യമായി പരിശോധിക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിൽ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും കേരളത്തിലുമുള്ള പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളും അതിൽ പാർട്ടി സ്വീകരിക്കേണ്ട സമീപനങ്ങളുമാണ് ചർച്ച ചെയ്യാറുള്ളത്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് അവലോകനം ഇവിടെ നടക്കും, അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക മണ്ഡലത്തിലെ കാര്യങ്ങളല്ല കേന്ദ്ര കമ്മിറ്റിയിൽ വരുന്നത്. കെ.കെ. ശൈലജ പറഞ്ഞു.
കെ.കെ. ശൈലജ വിവാദങ്ങൾ തള്ളിക്കളയുമ്പോഴും, സി.പി.ഐ.എമ്മിന് ഭരണം ഉണ്ടായിരുന്ന ഏക സംസ്ഥാനമായ കേരളത്തിലുണ്ടായ കനത്ത തിരിച്ചടി കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരള സംസ്ഥാന നേതൃത്വം സമർപ്പിച്ച ഔദ്യോഗിക പരാജയ വിലയിരുത്തൽ റിപ്പോർട്ട് പ്രധാന അജണ്ടയായി പരിഗണിക്കും. പാർട്ടിയുടെ ഏറ്റവും ശക്തമായ കോട്ടയായ കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും യു.ഡി.എഫ് പിന്തുണയോടെ വിമതരായി മത്സരിച്ചതും, അവർ പാർട്ടി ഗ്രാമങ്ങളിൽ വൻ വിജയം നേടിയതും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. ഈ വിമത നീക്കം പാർട്ടിയെ തകർക്കാൻ ബോധപൂർവ്വം നടത്തിയ ആസൂത്രിത നീക്കമാണെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി തീരുമാനങ്ങളെ വെല്ലുവിളിച്ച് അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ച സാഹചര്യവും കേന്ദ്ര നേതൃത്വം പരിശോധിക്കും. കേരളത്തിൽ ബി.ജെ.പി മൂന്ന് നിയമസഭാ സീറ്റുകളിൽ വിജയം നേടി അക്കൗണ്ട് തുറന്ന സാഹചര്യം കേന്ദ്ര കമ്മിറ്റി ഗൗരവമായി വിലയിരുത്തും. പാർട്ടി വോട്ടുകൾ എങ്ങനെയൊക്കെ ചോർന്നുവെന്ന് യോഗത്തിൽ ചോദ്യങ്ങളുയരും. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനങ്ങളും ഇന്നത്തെ യോഗത്തിൽ കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തും. വൻ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന പശ്ചിമ ബംഗാളിൽ കേവലം ഒരു സീറ്റിൽ മാത്രമാണ് സി.പി.ഐ.എമ്മിന് വിജയിക്കാൻ സാധിച്ചത്. വോട്ട് ശതമാനം ഉയർത്താൻ സാധിക്കാത്തതിനൊപ്പം അവിടെ തൃണമൂൽ കോൺഗ്രസിന് ഏറ്റ തിരിച്ചടിയും ബി.ജെ.പിയുടെ മുന്നേറ്റവും യോഗം വിലയിരുത്തും. തമിഴ്‌നാട്ടിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് പാർട്ടി പിന്തുണ നൽകാനുണ്ടായ രാഷ്ട്രീയ സാഹചര്യവും പുതിയ സഖ്യ സാധ്യതകളും യോഗത്തിൽ ചർച്ചയാകും.



