കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര…. ഫാസ്റ്റ് പാസഞ്ചർ വരെ സൗജന്യമാക്കാൻ ആലോചന…. നാളെ നിർണായക ഉന്നതതല യോഗം

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ഒന്നാം ഗ്യാരന്റിയായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പദ്ധതി ഒരു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നാളെ അടിയന്തര യോഗം ചേരുന്നത്.
സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചെങ്കിലും ഏതൊക്കെ ബസുകളിൽ, എത്ര ദൂരം വരെ യാത്ര ചെയ്യാം എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്. അന്തർജില്ലാ യാത്രകൾക്ക് (ജില്ലകൾക്ക് പുറത്തേക്ക്) സൗജന്യമുണ്ടായിരിക്കുമോ? എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കുമോ? തുടങ്ങിയ കാര്യങ്ങളിൽ നാളത്തെ യോഗത്തോടെ വ്യക്തത വരും. അയൽസംസ്ഥാനങ്ങളായ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിലും, തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രവുമാണ് നിലവിൽ സ്ത്രീകൾക്ക് സൗജന്യയാത്രയുള്ളത്.
പ്രതിദിനം ഏകദേശം 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. ഫാസ്റ്റ് പാസഞ്ചർ വരെയുള്ള ബസുകളിൽ സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ സർക്കാരിന് പ്രതിമാസം 60 കോടി രൂപ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. നിലവിൽ ജീവനക്കാരുടെ ശമ്പള വിതരണത്തിന് അടക്കം കെഎസ്ആർടിസിക്ക് സർക്കാർ പ്രതിമാസം കോടിക്കണക്കിന് രൂപ നൽകുന്നുണ്ട്. ഇതിന് പുറമെ സൗജന്യ യാത്രയ്ക്കുള്ള തുക കൂടി എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിച്ച് പ്രതിപക്ഷമായ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ സ്ത്രീ യാത്രക്കാർ.
പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. സ്ത്രീ യാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസിയെ ആശ്രയിക്കാൻ തുടങ്ങിയാൽ സ്വകാര്യ ബസുകൾക്ക് സർവീസ് നിർത്തേണ്ടി വരുമെന്നാണ് അവരുടെ ആശങ്ക. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി പ്രത്യേക ചർച്ച നടത്തും. സ്വകാര്യ ബസുടമകളുടെ ആശങ്കകൾ കൂടി പരിഹരിച്ചുകൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് സാധിക്കൂ.



