വീട്ടിൽ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടര്‍ന്നു…തിരുവനന്തപുരത്ത് വീട് പൂർണമായി കത്തിനശിച്ചു…

തിരുവനന്തപുരം: കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്‍റെ വീടാണ് ഉച്ചയോടെ അഗ്നിക്കിരയായത്. അപകടത്തിൽ വീടിന്‍റെ മേൽക്കൂരയും മുറികളും വസ്ത്രങ്ങളുമടക്കം പൂർണമായും കത്തിപ്പോയി. വിവരമറിഞ്ഞ് വെഞ്ഞാറമൂട്ടിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്നാണ് സമീപത്തെ വസ്തുക്കളിലേക്ക് ആദ്യം തീപടർന്നത്. ഓടുമേഞ്ഞ മേൽക്കൂരയായതിനാൽ മര ഉരുപ്പടികളിലേക്കും മറ്റ് മുറികളിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വീട് പൂർണമായും കത്തി. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമനസേന ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. അഗ്നിശമനസേനാംഗങ്ങൾ രണ്ട് ലെങ്ത് ഹോസുകൾ ഉപയോഗിച്ച് വിവിധ വശങ്ങളിൽ നിന്ന് ഒരേസമയം ശക്തമായി വെള്ളം പമ്പ് ചെയ്താണ് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചത്.



