90’s കിഡ്സിന്റെ ‘ഓര്‍ക്കുട്ട്’ തിരിച്ചെത്തുന്നു…. പുതിയ പ്ലാറ്റ്‌ഫോമിനായി…

2000-കളുടെ തുടക്കത്തിൽ ഇന്റർനെറ്റ് ലോകത്തെ കീഴടക്കിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കുട്ട് വീണ്ടും തിരിച്ചെത്തുമോ? പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ ഓർക്കുട്ട് ബുയൂക്കോക്ടെൻ (Orkut Büyükkökten) ഓർക്കുട്ടിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിന് പിന്തുണ തേടിയതോടെ സൈബർ ലോകത്ത് ചർച്ചകൾ സജീവമാകുന്നു. എന്നാൽ പുതിയ പ്ലാറ്റ്‌ഫോം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ല.

പഴയ ഓർക്കുട്ടിന്റെ മാതൃകയിൽ സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും മനുഷ്യർ തമ്മിലുള്ള യഥാർഥ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സോഷ്യൽ മീഡിയ അനുഭവമാണ് സ്ഥാപകൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓർക്കുട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ പുതിയ ആശയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സോഷ്യൽ മീഡിയയിൽ സംഭവിച്ച മാറ്റങ്ങളെ വിമർശിച്ച ബുയൂക്കോക്ടെൻ, യഥാർഥ ബന്ധങ്ങൾ വളർത്തുന്നതിനേക്കാൾ ഉപയോക്താക്കളുടെ ശ്രദ്ധ പരമാവധി നേരം പിടിച്ചുനിർത്തുന്നതിനാണ് ഇന്നത്തെ പല പ്ലാറ്റ്‌ഫോമുകളും പ്രാധാന്യം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് കൂടുതൽ മാനുഷികമായിരുന്ന ഒരു കാലത്തെക്കുറിച്ചും അദ്ദേഹം കത്തിൽ ഓർമിച്ചു.

മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നുള്ള അപരിചിതന്റെ സന്ദേശം പോലും അന്ന് മാന്ത്രികമായ അനുഭവമായിരുന്നുവെന്നും അത്തരം ഇടപെടലുകൾ നൽകിയ സന്തോഷം യഥാർഥമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് മനുഷ്യർ തമ്മിലുള്ള സ്വാഭാവികമായ ഇടപെടലുകൾക്ക് പകരം അൽഗോരിതങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തുന്ന സാഹചര്യമാണുള്ളത്. സാമൂഹിക മാധ്യമങ്ങളുടെ ഈ മാറ്റം മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും അദ്ദേഹം ചർച്ച ചെയ്തു. ഇന്നത്തെ തലമുറ നേരിടുന്ന ഉത്കണ്ഠയും ഏകാന്തതയും ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004-ൽ ആരംഭിച്ച ഓർക്കുട്ട് ഒരുകാലത്ത് ഇന്ത്യയിലും ബ്രസീലിലും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വലിയ ജനപ്രീതി നേടിയിരുന്നു. സുഹൃത്തുക്കളെ കണ്ടെത്താനും പുതിയ കൂട്ടായ്മകളിൽ ചേരാനും കമ്മ്യൂണിറ്റികളിലൂടെ പൊതുവായ താൽപര്യങ്ങൾ പങ്കിടാനും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കി.

പിന്നീട് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വളർന്നതോടെ ഓർക്കുട്ടിന്റെ ജനപ്രീതി കുറഞ്ഞു. 2014 സെപ്റ്റംബറിൽ ഗൂഗിൾ സേവനം അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഓർക്കുട്ടിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ പഴയ ഉപയോക്താക്കളിൽ ഗൃഹാതുരത്വം ഉണർത്തുകയാണ്. എന്നാൽ പുതിയ പ്ലാറ്റ്‌ഫോം പഴയ ഓർക്കുട്ടിന്റെ അതേ രൂപത്തിലായിരിക്കുമോ, അതോ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പുതിയൊരു സോഷ്യൽ നെറ്റ്‌വർക്കായിരിക്കുമോ എന്നത് വ്യക്തമല്ല. പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും മറ്റ് വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. സ്ഥാപകന്റെ പുതിയ നീക്കം യാഥാർഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

Related Articles

Back to top button