സ്റ്റേഷനുകൾ പൂർണമായി അടച്ചിടാനാകില്ല… കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയുടെ….

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നാളെ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. മെട്രോ സർവീസ് പൂർണമായി അടച്ചിടാനാകില്ലെന്നും അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിർദേശിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനും ട്രെയിനുകൾ റദ്ദാക്കുന്നതിനുമെതിരെയായിരുന്നു എം.എ. ബേബിയുടെ ഹർജി. ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ട്രെയിനുകൾ റദ്ദാക്കിയെന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രതിഷേധം സമാധാനപരമാണെന്നും അദ്ദേഹം വാദിച്ചു. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഉപജീവനത്തിനായി ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ എല്ലാ ഗതാഗത സൗകര്യങ്ങളും അടച്ചിട്ട് ജനങ്ങളെ യാത്രാമാർഗങ്ങളില്ലാതെ ബുദ്ധിമുട്ടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എല്ലാവർക്കും സ്വന്തമായി കാറില്ലെന്നും വലിയൊരു വിഭാഗം ജനങ്ങളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മെട്രോ പൂർണമായി അടച്ചിടുന്നത് പ്രായോഗികമല്ലെന്നും അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ ആശങ്കകൾക്ക് മറുപടിയായി സർക്കാരുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പുനൽകി. പ്രതിഷേധം നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ നടപടികളും സാധാരണ യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് കോടതിയുടെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.



