വമ്പൻ ട്വിസ്റ്റുകൾ, ചാണ്ടി ഉമ്മനും ബൽറാമും പുറത്ത്, സർപ്രൈസ് എൻട്രിയായി ജനീഷും റോജിയും സിദ്ദിഖും

വി ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാന നിമിഷത്തിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റുകളും സർപ്രൈസുകളും. ഏറ്റവും ഒടുവിൽ വമ്പൻ സർപ്രൈസുകളായി കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എം എൽ എ റോജി എം ജോണിന്റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ആദ്യ ഘട്ടം മുതലേ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചാണ്ടി ഉമ്മൻ പട്ടികയിൽ നിന്ന് പുറത്തായതായാണ് വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നീ പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് വിവരം. ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. മന്ത്രിമാരുടെ പട്ടികയിൽ കെ സി പക്ഷം പിടിമുറുക്കിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിരുന്നു. അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തിയിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.



