കാറിൽ എംഡിഎംഎയുമായി യുവാവും യുവതിയും… സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ…

കോഴിക്കോട്: കാറിൽ കടത്തിയ രാസലഹരിയുമായി കടന്നുകളയാൻ ശ്രമിച്ച രണ്ടു പേർ പൊലീസിന്റെ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി.എം. അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 11.90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എൻഐടിയിൽ നടക്കുന്ന തത്വ പരിപാടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പത്തരയോടെ കുന്നമംഗലം പൊലീസ് പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം.
പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ മറ്റൊരു വഴിയിലേക്ക് വേഗത്തിൽ പോവുകയായിരുന്നു. തുടർന്ന് എസ്ഐ വി.കെ. ഏലിയാസിന്റെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ പി.സി. ബിജു, അജീഷ്, സിപിഒമാരായ ഷിബില, മുഹമ്മദ് ഷമീർ എന്നിവർ പൊലീസ് ജീപ്പിൽ കാറിനെ പിന്തുടർന്നു. കട്ടാങ്ങൽ–മാവൂർ റോഡിലൂടെ പോയ കാർ പിന്നീട് കാണാതായി. തുടർന്നുള്ള അന്വേഷണത്തിൽ എൻഐടി ഹോസ്റ്റലിന് സമീപമുള്ള അപ്പാർട്മെന്റിലെ പാർക്കിങ് ഏരിയയിൽ കാർ കണ്ടെത്തി. കാർ വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന 11.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.



