പരിയാരം മെഡിക്കൽ കൊളേജിൽ കട്ടിൽ തകർന്ന് വയോധികന് പരിക്ക്; പരാതിപെട്ടപ്പോൾ ..

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിയായ വയോധികന് പരുക്കേറ്റു. പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി എ കെ പ്രഭാകരനാണ് (62) പരിക്കേറ്റത്. മെഡിസിൻ വാർഡിൽ ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രഭാകരൻ ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. കട്ടിൽ പൊട്ടിയ വിവരം പരാതിപ്പെട്ടപ്പോൾ ആശുപത്രി പിആർഒയും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ ബന്ധുക്കൾ ആരോപിച്ചു. പരിയാരത്ത് മതിയായ ചികിത്സയോ ഡോക്ടർമാരുടെ പരിചരണമോ ലഭിക്കാതെ രോഗികൾ വലയുകയാണെന്നാണ് ആരോപണം. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും പല വിഭാഗങ്ങളിലും ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതും രോഗികൾക്ക് ദുരിതമായിരിക്കുകയാണ്.

വടക്കെമലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് പരിയാരം മെഡിക്കൽ കോളേജ്. ഇവിടെ വാർഡുകളും മറ്റും വൃത്തിഹീനമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി വികസന സമിതി യോഗം ചേർന്ന് പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഗുണപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.

Related Articles

Back to top button