കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ വയോധികയുടെ മരണം ; ചികിത്സാപിഴവ് പരാതിയിൽ…

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ). ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാകും അന്വേഷണം നടത്തുക. സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശസ്ത്രക്രിയക്കിടെ മരണം സംഭവിച്ച വിവരം ഡോക്ടർമാർ മറച്ചുവെച്ചെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. അതേസമയം ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ ഇന്നലെ ഡിഎംഒയ്ക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി മാധവി(72)യെയാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുകൊണ്ടുവന്നപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയയ്ക്കുശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. മാധവിക്ക് പിന്നാലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പത്തിലധികം രോഗികളെ അവരുടെ ബന്ധുക്കളെ കാണിച്ചരുന്നെങ്കിലും മാധവിയെ കാണിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവാണ് മരണകാരണമെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവും നടന്നിരുന്നു.



