ചോദ്യപേപ്പർ നൽകി വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമം…. സർവകലാശാല പ്രൊഫസർ പിടിയിൽ

പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകി വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത സർവകലാശാല അധ്യാപകൻ പിടിയിൽ. ലഖ്‌നൗ സർവകലാശാലയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പരംജീത് സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ പക്കൽ രണ്ട് ചോദ്യപേപ്പറുകൾ ഉണ്ടെന്നും അത് നൽകുന്നതിന് പകരമായി ആഴ്ചയിൽ ഒരു ദിവസം തന്നെ കാണാൻ വരണമെന്നും അധ്യാപകൻ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടു. പഠനകാര്യത്തിൽ സഹായിക്കുന്നതിന് പകരമായി തന്നെ പ്രീണിപ്പിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അധ്യാപകന്റെ ആവശ്യം വിദ്യാർഥിനി നിരസിച്ചതോടെ, ഇയാൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് വശീകരിക്കാൻ വീണ്ടും ശ്രമിച്ചതായി പോലീസ് പറഞ്ഞു.
ചോദ്യപേപ്പർ വാഗ്ദാനം ചെയ്തും കാണാൻ ആവശ്യപ്പെട്ടും അധ്യാപകൻ അയച്ച അശ്ലീല സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് വിദ്യാർഥിനി സർവകലാശാല അധികൃതർക്ക് പരാതി നൽകിയത്. സർവകലാശാല അധികൃതർ പരാതി പോലീസിന് കൈമാറിയതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം, പരീക്ഷാ ക്രമക്കേട് (ചോദ്യപേപ്പർ ചോർത്തൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.



