‘യുവാക്കളെ ആക്ഷേപിച്ചിട്ടില്ല, ലക്ഷ്യമിട്ടത് വ്യാജന്മാരെ’….. വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ന്യൂഡൽഹി: തൊഴിൽരഹിതരായ യുവാക്കളെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. തന്റെ പരാമർശങ്ങളെ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും രാജ്യത്തെ യുവാക്കളെ താൻ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ബിരുദങ്ങൾ സമ്പാദിച്ച് നിയമം, മാധ്യമം, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിൽ കടന്നുകൂടിയവരെയാണ് താൻ വിമർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ ‘പരാന്നഭോജികൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ യുവാക്കളിൽ താൻ അഭിമാനിക്കുന്നുവെന്നും അവരാണ് വികസിത ഭാരതത്തിന്റെ നെടുംതൂണുകളെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. യുവാക്കൾ തനിക്ക് എന്നും പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു അഭിഭാഷകന് ‘സീനിയർ അഡ്വക്കേറ്റ്’ പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷമായ നിരീക്ഷണങ്ങൾ. ഹർജി നൽകിയ അഭിഭാഷകന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ കോടതി വിമർശിച്ചിരുന്നു. പല അഭിഭാഷകരുടെയും ബിരുദ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥയിൽ സംശയമുണ്ടെന്നും ഇതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി നിലപാട് കടുപ്പിച്ചതോടെ ഹർജിക്കാരൻ മാപ്പ് പറയുകയും ഹർജി പിൻവലിക്കുകയും ചെയ്തു.



