മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി… സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോയ്ക്ക്….

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സപ്ലൈകോയ്ക്ക് താൽക്കാലിക ആശ്വാസമായി കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ വൻ സാമ്പത്തിക സഹായം. സപ്ലൈകോയുടെ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 90 കോടി രൂപ അനുവദിച്ചു. സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഡൽഹിയിൽ വെച്ച് നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി.
സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സപ്ലൈകോയ്ക്ക് 200 കോടി രൂപ കൂടി ഉടൻ തന്നെ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അനുവദിക്കുമെന്ന് അറിയിച്ചതായി മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. നിലവിൽ സപ്ലൈകോ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. സപ്ലൈകോയ്ക്ക് നിലവിൽ 4169 കോടി രൂപയുടെ ഭീമമായ കടബാധ്യതയുണ്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ മാത്രം 432 കോടി രൂപ വിവിധ വിതരണക്കാർക്ക് ഇനി നൽകാനുണ്ട്. എഫ്എംസിജി ഉൽപ്പന്നങ്ങൾ, സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ശബരി വെളിച്ചെണ്ണ, മറ്റ് സബ്സിഡി സാധനങ്ങൾ, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വൻകിട വിതരണ സ്ഥാപനങ്ങൾക്കാണ് സപ്ലൈകോ കോടിക്കണക്കിന് രൂപ കൈമാറാനുള്ളത്.
സപ്ലൈകോ വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോഴും സംസ്ഥാന സർക്കാർ അനുവദിക്കുന്ന തുക വളരെ കുറവാണെന്ന കടുത്ത ആക്ഷേപം വിതരണക്കാരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സർക്കാർ സപ്ലൈകോയ്ക്ക് ആകെ നൽകിയത് 1813 കോടി രൂപ മാത്രമാണ്. നിലവിൽ സർക്കാർ അനുവദിക്കുന്ന തുകയെല്ലാം തന്നെ പഴയ കടങ്ങൾ തീർക്കാനാണ് മാറ്റിവെക്കുന്നത്. കോവിഡ് കാലത്തുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇതുവരെയും സപ്ലൈകോയ്ക്ക് പൂർണ്ണമായി കരകയറാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൽ നിന്നും കൂടുതൽ തുക ലഭ്യമാക്കാനുള്ള മന്ത്രി അനൂപ് ജേക്കബിന്റെ ശ്രമങ്ങൾ സപ്ലൈകോയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നത്.



