പഴനിയിലുണ്ടായ വാഹനാപകടം…. ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു….

ആലപ്പുഴ: തമിഴ്നാട്ടിലെ പഴനിയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ യുവാവ് അന്തരിച്ചു. പള്ളിപ്പാട് മഠത്തിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുകുമാർ (37) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട്ടിലെ പഴനിയിൽ വെൽഡറായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുകുമാർ.
കഴിഞ്ഞ ജൂലൈ അഞ്ചാം തീയതിയായിരുന്നു സംഭവം നടക്കുന്നത്. ജോലി ആവശ്യങ്ങൾക്കായി വിഷ്ണുകുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പെട്ടെന്ന് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ വിഷ്ണുകുമാറിനെ സമീപത്തുള്ളവർ ചേർന്ന് ആദ്യം തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരികയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് ഒടുവിൽ മരണം സംഭവിച്ചത്.



