നീലക്കുറിഞ്ഞി കാണാൻ ചൊക്രമുടിയിലേക്ക് പോകുന്നവർ സൂക്ഷിക്കുക; തേനീച്ചയും കടന്നലും മാത്രമല്ല..

നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കാൻ ചൊക്രമുടി മലനിരകളിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്. നീലവസന്തം വിരുന്നെത്തിയ പ്രദേശങ്ങളിൽ തേനീച്ചകളും കടന്നലുകളും കൂടുകൂട്ടിയതോടെയാണ് മുന്നറിയിപ്പ്. കുറിഞ്ഞിപ്പൂക്കൾ കൊഴിഞ്ഞുതുടങ്ങിയെങ്കിലും ഇവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് അധികൃതരുടെ നിർദേശം.

കഴിഞ്ഞ ദിവസം ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികൾക്കിടയിൽ കടന്നൽക്കൂട്ടം ഇളകിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അപ്രതീക്ഷിതമായി കടന്നലുകൾ കൂട്ടത്തോടെ പറന്നെത്തിയതോടെ സന്ദർശകർ പരിഭ്രാന്തരായി. ചിലർ നിലത്തുകിടന്നും മറ്റുചിലർ ഇരുന്നുമാണ് രക്ഷപ്പെട്ടത്. ഭാഗ്യവശാൽ കടന്നലുകൾ ആരെയും ആക്രമിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

രണ്ടാഴ്ച മുമ്പ് ചിന്നക്കനാൽ അറുപതേക്കറിൽ നീലക്കുറിഞ്ഞി കാണാനെത്തിയ എട്ട് കാറ്ററിങ് കോളജ് വിദ്യാർഥികൾക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായി പല ദിശകളിലേക്ക് ഓടിയ വിദ്യാർഥികളെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിക്കാൻ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തേണ്ടിവന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) അംഗങ്ങളും ചേർന്ന് ഏകദേശം അഞ്ച് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.

തേനീച്ചകളുടെയും കടന്നലുകളുടെയും സാന്നിധ്യം മാത്രമല്ല, നീലക്കുറിഞ്ഞി പൂത്ത പ്രദേശങ്ങളിലെ മറ്റ് ജീവജാലങ്ങളുടെ സാന്നിധ്യവും സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കുറിഞ്ഞിച്ചെടികളുടെ ഉണങ്ങിയ വിത്തുകൾ ഭക്ഷിക്കാനായി എലികൾ കൂട്ടത്തോടെ ഇത്തരം പ്രദേശങ്ങളിലേക്ക് എത്താറുണ്ട്. ഇവയെ ഇരയാക്കാൻ വിവിധയിനം പാമ്പുകളും എത്താനുള്ള സാധ്യതയുണ്ട്. ഇതിന് പുറമേ പലതരത്തിലുള്ള ഷഡ്പദങ്ങളും ചെറുജീവികളും കുറിഞ്ഞി പൂത്ത മലനിരകളിൽ കാണപ്പെടുന്നുണ്ട്.

ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിന് ഔദ്യോഗികമായി വിരാമമായെങ്കിലും ഇപ്പോഴും നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തുന്നത്. നിലവിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ ചൊക്രമുടി ട്രെക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരാൾക്ക് 500 രൂപയാണ് ഫീസ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി വനംവകുപ്പ് വാച്ചറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

അനുവദിച്ചിട്ടുള്ള ട്രെക്കിങ് പാതയിലൂടെ മാത്രമാണ് സഞ്ചാരികൾക്ക് മലകയറാൻ അനുമതിയുള്ളത്. മറ്റ് വഴികളിലൂടെ സഞ്ചരിക്കുന്നതും വനമേഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതും അപകടസാധ്യത വർധിപ്പിച്ചേക്കാം. അതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വാച്ചർമാരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം.

Related Articles

Back to top button