“വിദ്യാർത്ഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ല”….. ചോദ്യപേപ്പർ ചോർച്ചയിൽ മാഫിയയെ പിടികൂടുമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ സുരക്ഷിതമായ ഭാവി കണക്കിലെടുത്താണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാക്രമക്കേടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗ്യരായ വിദ്യാർത്ഥികളുടെ സീറ്റ് തട്ടിയെടുക്കാൻ മാഫിയകളെ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ജൂൺ 21-ന് നീറ്റ് യുജി പുനഃപരീക്ഷ നടക്കും. അടുത്ത മാസം (ജൂൺ) 14-ാം തീയതി മുതൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ല. മാത്രമല്ല, നേരത്തെ നടന്ന പരീക്ഷയുടെ ഫീസ് എൻടിഎ (NTA) വിദ്യാർത്ഥികൾക്ക് മടക്കി നൽകുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് അവർക്ക് അനുയോജ്യമായ നഗരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാം. പരീക്ഷാ സമയത്തിൽ 15 മിനിറ്റ് അധികമായി അനുവദിച്ചിട്ടുണ്ട്.
ഈ മാസം ഏഴിന് ചോദ്യപേപ്പർ ചോർന്നതായി എൻടിഎയ്ക്ക് വിവരം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ചോദ്യപേപ്പർ പ്രചരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന മാഫിയകളെ കണ്ടെത്താൻ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ സംബന്ധമായ ഇത്തരം മാഫിയകൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ യോഗ്യരായ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയത്. എൻടിഎയുടെ ഔദ്യോഗിക അറിയിപ്പ് ഏഴ് ദിവസത്തിനകം ലഭ്യമാകും.



