11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമം…. സതീശൻ മുഖ്യമന്ത്രിയാകും, നിർണ്ണായകമായത് മുസ്ലീം ലീഗിന്റെ നിലപാട്

മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 11 ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തീരുമാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് മുസ്ലീം ലീഗ് നേതൃത്വവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആശയവിനിമയം നടത്തിയിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി സംസാരിച്ച ഖർഗെ, മുഖ്യമന്ത്രിയുടെ കാര്യത്തിൽ ലീഗ് നിലപാടിൽ മാറ്റമുണ്ടോ എന്ന് ആരാഞ്ഞു. എന്നാൽ വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്ന് ലീഗ് വ്യക്തമാക്കിയതോടെ സതീശന്റെ പേര് ഹൈക്കമാൻഡ് സ്ഥിരീകരിക്കുകയായിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ച സതീശന് തന്നെ നറുക്ക് വീഴുകയായിരുന്നു. എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതും ഘടകകക്ഷികൾക്കിടയിലുള്ള സ്വീകാര്യതയും സതീശന് അനുകൂല ഘടകങ്ങളായി.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ഇനി ഏവരും ഉറ്റുനോക്കുന്നത് മന്ത്രിസഭാ രൂപീകരണത്തിലേക്കാണ്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിന് ഇത്തവണ നിർണ്ണായകമായ വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചനകൾ. വരും ദിവസങ്ങളിൽ ഘടകകക്ഷികളുമായി ചേർന്ന് വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടക്കും.



