സീനിയോറിറ്റി തഴഞ്ഞു…. രാഹുലിനോട് അതൃപ്തി വ്യക്തമാക്കി രമേശ് ചെന്നിത്തല…. പാർലമെന്ററി പാർട്ടി യോഗം ബഹിഷ്കരിച്ചേക്കും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്റെ അതൃപ്തി അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. ഇന്ന് നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സീനിയോറിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പ്രധാന പരാതി. പ്രഖ്യാപനത്തിന് തൊട്ടുമുൻപായി രാഹുൽ ഗാന്ധി അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെങ്കിലും തന്റെ വിയോജിപ്പ് അദ്ദേഹം മറച്ചുവെച്ചില്ല. പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം തിരുവനന്തപുരത്തെ വസതിയുടെ പിൻവാതിലിലൂടെ കാറിൽ കയറി പുറത്തേക്ക് പോയി. നിയുക്ത എം.എൽ.എ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ കാണാൻ എത്തിയെങ്കിലും അസ്വസ്ഥനായിരുന്ന ചെന്നിത്തല ആരുമായും സംസാരിക്കാൻ തയ്യാറായില്ല.

അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിനന്ദനങ്ങൾ നേർന്നു. ഹൈക്കമാൻഡ് തീരുമാനത്തിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കോൺഗ്രസിനെ അധികാരത്തിലേറ്റിയതെന്നും ആ ഉത്തരവാദിത്തം സതീശൻ ഭംഗിയായി നിർവ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നിത്തലയുടെ വിയോജിപ്പ് വരും ദിവസങ്ങളിൽ പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം. ഹൈക്കമാൻഡ് പ്രതിനിധികൾ ഉടൻ തന്നെ അദ്ദേഹവുമായി ചർച്ച നടത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ സതീശനെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. ചെന്നിത്തലയുടെ അസാന്നിധ്യം യോഗത്തിന്റെ നിറം കെടുത്തുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കൾ.

Related Articles

Back to top button