“നീറ്റ് നിർത്തലാക്കണം, പ്ലസ്ടു മാർക്ക് മതി…. നീറ്റിനെതിരെ സുപ്രീംകോടതിയിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

നീറ്റ് പരീക്ഷയിലെ തുടർച്ചയായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നീറ്റിന് പകരം പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. 2024-ൽ ആറ് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് സിബിഐ അന്വേഷണം നടന്നിരുന്നു. പരീക്ഷാ പരിഷ്കാരങ്ങൾക്കായി മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ സമിതി 95 നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും, രണ്ട് വർഷത്തിനുള്ളിൽ വീണ്ടും ക്രമക്കേടുകൾ ആവർത്തിക്കുന്നത് പരീക്ഷാ സംവിധാനത്തിന്റെ ഘടനാപരമായ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിലെ സമ്പന്നരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കും മാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാർഥികൾക്കും ഈ പരീക്ഷ വലിയ തിരിച്ചടിയാണ്. തുല്യനീതി ഉറപ്പാക്കാൻ പ്ലസ്ടു മാർക്ക് തന്നെ മാനദണ്ഡമാക്കണമെന്നും അദ്ദേഹം വാദിക്കുന്നു.
നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിന് ഇതുവരെ രാഷ്ട്രപതി അംഗീകാരം നൽകിയിട്ടില്ല. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ നിയമപരമായ അനുമതി നൽകണമെന്നാണ് തമിഴ്നാടിന്റെ പ്രഖ്യാപിത നിലപാട്.



