ക്ഷമിക്കണം, കേരളത്തിൽ മുഖ്യമന്ത്രിയില്ല’; കത്തുകൾ തിരിച്ചയച്ച് തപാൽ വകുപ്പ്

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലേ? ഇല്ല, എന്നാണ് തപാൽ വകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് എഴുതിയ പല കത്തുകളും ‘സ്ഥലത്ത് ആളില്ല’ എന്ന പേരിൽ തപാൽ വകുപ്പ് തിരിച്ചയക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നേടാനുള്ള സീറ്റ് ഉണ്ടായിട്ടും സർക്കാർ രൂപീകരിക്കാതെ യുഡിഎഫ് ചർച്ചകളിലേക്ക് നീങ്ങുമ്പോൾ വോട്ട് ചെയ്ത ജനങ്ങളാണ് യഥാർത്ഥത്തിൽ കുടുങ്ങിയിരിക്കുന്നത്.
തനിക്കും കുട്ടികൾക്കും സംരക്ഷണം ആവശ്യപ്പെട്ട് ആണ് പാവറട്ടി സ്വദേശിനി സഫ്ന മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് പരാതി അയച്ചത്. സ്പീഡ് പോസ്റ്റിൽ രജിസ്റ്റർ ചെയ്ത് മെയ് അഞ്ചിനാണ് കത്തയച്ചത്. പരാതിയിൽ തുടർ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു സഫ്ന. എന്നാൽ മെയ് 13ന് സഫ്ന അയച്ച കത്ത് തിരിച്ചു വന്നു. കവറിന്റെ മുൻ ഭാഗത്ത് ‘ റിട്ടേൺഡ്’ എന്നും പിൻ ഭാഗത്ത് റെഫ്യൂസ്ഡ് (വിലാസക്കാരന്റെ ഓഫീസ് പ്രവർത്തിക്കുന്നില്ല) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.



