മലിനജലം സ്വകാര്യ ഭൂമിയിലേക്ക് ഒഴുക്കി…. കോടതി ഉത്തരവ് ലംഘിച്ച സർക്കാരിന് ‘ജപ്തി’ ശിക്ഷ​

പെരുമ്പാവൂർ: കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തിൽ സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിലെ ഓടകളിൽ നിന്നുള്ള മാലിന്യം സ്വകാര്യ ഭൂമിയിലേക്ക് തിരിച്ചുവിട്ട നടപടിക്കെതിരെയാണ് കോടതിയുടെ ഈ കർശന നീക്കം. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് സർക്കാർ വാഹനങ്ങൾ പിടിച്ചെടുക്കാൻ കോടതി നിർദ്ദേശിച്ചത്.2010-ലാണ് വിവാദമായ ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ നവീകരണ വേളയിൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിനജലവും പാഴ്വസ്തുക്കളും പുല്ലുവഴിയിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിടുകയായിരുന്നു. പികെവി സ്മാരക ട്രസ്റ്റിനും വില്ലേജ് ഓഫീസിനും ഇടയിലുള്ള സർക്കാർ ഭൂമിയിലൂടെ പുതിയ ഓട നിർമിച്ചാണ് മാലിന്യം സ്വകാര്യ ഭൂമിയിലേക്ക് എത്തിച്ചത്. ​ഇതിനെതിരെ സ്ഥലമുടമ കോടതിയെ സമീപിച്ചു. സർക്കാർ, മൂവാറ്റുപുഴ കെ.എസ്.ടി.പി (KSTP), പി.ഡബ്ല്യു.ഡി (PWD) റോഡ് സബ് ഡിവിഷനുകൾ എന്നിവരെ പ്രതികളാക്കിയായിരുന്നു ഹർജി നൽകിയത്. മലിനജലം ഒഴുക്കിവിടുന്നത് തടഞ്ഞുകൊണ്ട് മുൻപ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സബ് കോടതിയും ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവുകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അധികൃതർ വീണ്ടും മലിനജലം അതേ പുരയിടത്തിലേക്ക് തന്നെ ഒഴുക്കിവിടുന്നത് തുടർന്നു.​ഇതേത്തുടർന്ന് 2025-ൽ ഹർജിക്കാരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ നടത്തിയ പരിശോധനയിൽ വിധി ലംഘിക്കപ്പെട്ടതായും മലിനജലം ഒഴുക്കുന്നത് തുടരുന്നതായും കണ്ടെത്തി. ഇതോടെയാണ് വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന നിലയിൽ സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.

Related Articles

Back to top button