കാമുകിക്കൊപ്പം മറ്റൊരാളെ കണ്ടു; തടയാൻ ശ്രമിച്ച യുവാവിനെ കാറ് കൊണ്ട് ഇടിച്ചിട്ടു, ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ റായ്പൂരിൽ കാമുകിയും സുഹൃത്തും ചേർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പരംപ്രീത് സിംഗ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാമുകിയും മറ്റൊരു യുവാവും ഒരുമിച്ച് കാറിൽ സഞ്ചരിക്കുന്നത് കണ്ടതോടെയാണ് പരംപ്രീത് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് വിവരം. എന്നാൽ കാർ നിർത്താതെ മുന്നോട്ട് പോയതോടെ യുവാവ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കയറിപ്പറ്റി.

കാർ നിർത്താൻ ഡ്രൈവർ തയ്യാറാകാതെ വാഹനം വേഗത്തിൽ മുന്നോട്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പരംപ്രീത് കാറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് വാഹനം യുവാവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പരംപ്രീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button