ബെംഗളൂരുവിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിവിൽ എൻജിനീയറായ സുമന്ത് ജെയിനും സോഫ്റ്റ്വെയർ എൻജിനീയറായ ഭാര്യ പദ്മാവതിയുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ചെറിയ കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുമന്ത് ഭാര്യയെ മർദിച്ചെന്നും തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് പദ്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് ശ്വാസമില്ലെന്ന് സുമന്ത് മനസ്സിലാക്കിയതെന്നാണ് വിവരം.
ഭയന്ന സുമന്ത് ഉടൻ അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. പിന്നാലെ അമ്മയ്ക്ക് മറ്റൊരു സന്ദേശവും അയച്ചു. സന്ദേശം ലഭിച്ചതോടെ അമ്മ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു.
വീട്ടുടമ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ പദ്മാവതിയെയും മരിച്ചനിലയിൽ കണ്ടെത്തി.



