180-ൽ 135 ചോദ്യങ്ങളും ചോർന്നു…. മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി…. പുതിയ തീയതി ഉടൻ

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG) റദ്ദാക്കി. ഈ മാസം മൂന്നിന് നടന്ന പരീക്ഷയിൽ വ്യാപകമായ ചോദ്യച്ചോർച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നാണ് ദേശീയ പരീക്ഷാ ഏജൻസി (NTA) പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) നടത്തിയ അന്വേഷണത്തിലാണ് ചോദ്യച്ചോർച്ച സ്ഥിരീകരിച്ചത്. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം യഥാർഥ പരീക്ഷയിൽ അതേപടി ഉൾപ്പെട്ടതായി എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കി. ആകെ 180 ചോദ്യങ്ങളുള്ള പരീക്ഷയിൽ കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലെ ചോദ്യങ്ങളാണ് പ്രധാനമായും ചോർന്നത്. പരീക്ഷാ ചോദ്യങ്ങൾ വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിലെ സീക്കറിലുള്ള ഒരു എൻട്രൻസ് പരിശീലന കേന്ദ്രമാണ് വിദ്യാർഥികൾക്ക് ഈ മാതൃകാ ചോദ്യക്കടലാസ് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും കൈമാറിയതായി പൊലീസ് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്പുർ, കോട്ട, സീക്കർ എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുമായി 12 പേരെ ചോദ്യം ചെയ്തു വരികയാണ്. വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എൻടിഎ അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ ഇതിനെ കാണുന്നത്.



