ആലപ്പുഴയിൽ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ്‌ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ആലപ്പുഴയിൽ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി ചെങ്ങന്നൂർ ഡിവിഷനിലെ ജീവനക്കാരനായ മുഹമ്മ തോട്ടത്തുശേരി സ്വദേശി എം.പി. മനോജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. എം.സി റോഡിൽ ജില്ലാ ആശുപത്രി ജങ്ഷന് സമീപം തേരകത്ത് പടിയിലെ ലൈൻ പണിക്കിടെയാണ് അപകടം.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വോൾട്ടേജ് കുറവും സ്പാർക്കിങ്ങും പരിഹരിക്കാൻ പോസ്റ്റിൽ കയറിയപ്പോഴാണ്‌ അപകടം. ലൈൻ ഓഫ്ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് കയറിയതെങ്കിലും എർത്ത് ലൈൻ വഴി അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് കരുതുന്നു.

ഷോക്കേറ്റ ആഘാതത്തിൽ തെറിച്ച് കമ്പിയിൽ തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജീവനക്കാരും പ്രദേശവാസികളും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കൾ: റോബിൻ, റോഷൻ.

സംഭവത്തിൽ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button