“തീരുമാനം വൈകുന്നത് ഭയം കൊണ്ടല്ല, ഇത് കോൺഗ്രസ് ശൈലി”….. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തിരുവഞ്ചൂർ

ന്യൂഡല്ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ വ്യക്തതയ്ക്കായി നേതൃത്വം സ്വീകരിക്കുന്ന നടപടിക്രമങ്ങൾ ഉചിതമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“ഇത്ര വലിയ ജനപിന്തുണയോടെ ഫലം വരുമ്പോൾ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കേരള ചരിത്രത്തിൽ ഇന്നേവരെ അത്തരത്തിൽ പെട്ടെന്ന് തീരുമാനം ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ നടപടിക്രമങ്ങൾ വളരെ കൃത്യമാണ്, അത് പൂർത്തിയാക്കാൻ കാത്തിരിക്കണം,” – തിരുവഞ്ചൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ പിന്തുണ ഒരു പ്രധാന ഘടകമാണെങ്കിലും നേതാക്കളുടെ അഭിപ്രായം തേടുന്നത് അതിനേക്കാൾ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അസാധാരണത്വത്തിൽ നിന്നും സാധാരണത്വത്തിലേക്ക് കാര്യങ്ങളെ എത്തിക്കുക എന്ന ഉത്തരവാദിത്തമാണ് ഇപ്പോൾ നേതൃത്വം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നാണോ തീരുമാനം വൈകുന്നത് എന്ന ചോദ്യത്തിന്, കോൺഗ്രസ് നേതൃത്വം ഒന്നിനെയും ഭയപ്പെടുന്നവരല്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇത് ഭയപ്പാടിന്റെ പ്രശ്നമല്ലെന്നും പൂർണ്ണതയോടെ ഒരു തീരുമാനമെടുക്കാനുള്ള പ്രക്രിയയുടെ ഭാഗമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.



