ജയരാജൻ കൊടുങ്ങല്ലൂർ കാവിൽ…. ‘ദർശനത്തിന് വന്നതെന്ന്’ ബിജെപി, ‘ചരിത്രം പഠിക്കാനെന്ന്’ പി. ജയരാജൻ

തൃശൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. ജയരാജൻ ദർശനത്തിനായാണ് എത്തിയതെന്ന് ബിജെപി ആരോപിക്കുമ്പോൾ, തന്റെ പുതിയ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട പഠനത്തിനാണ് ക്ഷേത്രത്തിലെത്തിയതെന്ന് പി. ജയരാജൻ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ജയരാജന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കളാണ് പുറത്തുവിട്ടത്. ജയരാജൻ ദർശനത്തിന് എത്തിയതാണെന്നും എന്നാൽ ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ദർശനം ഒഴിവാക്കി മടങ്ങുകയായിരുന്നു എന്നുമാണ് ബിജെപിയുടെ പരിഹാസം.

വിവാദങ്ങൾക്കൊടുവിൽ ഫേസ്ബുക്കിലൂടെയും അല്ലാതെയും പി. ജയരാജൻ തന്റെ നിലപാട് വ്യക്തമാക്കി. ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് താൻ അവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ച് പുസ്തകത്തിൽ ഒരു അധ്യായമുണ്ട്. അത്തരത്തിലുള്ള പ്രധാന ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോഴാണ് ക്ഷേത്രത്തിൽ കയറി കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ തീരുമാനിച്ചത്. ക്ഷേത്രത്തിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവയുടെ ചരിത്ര-സാംസ്കാരിക പശ്ചാത്തലം പഠിക്കുകയായിരുന്നു ലക്ഷ്യം.

“ഞാൻ അജ്മീർ ദർഗയിലും സുവർണ്ണ ക്ഷേത്രത്തിലും പോയിട്ടുണ്ട്. അതൊന്നും ഭക്തിപ്രകടനമല്ല, സമൂഹത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമമാണ്. ഇതിനെ ഭക്തിയായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം,” ജയരാജൻ വ്യക്തമാക്കി. കൊടുങ്ങല്ലൂരിനെ കുറിച്ച് പുസ്തകമെഴുതാനാണ് അദ്ദേഹം എത്തിയതെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

Related Articles

Back to top button