വി ഡി സതീശനു വേണ്ടി കർശന നിലപാടരുത്; മുസ്ലീം ലീ​ഗിനെ അനുനയിപ്പിക്കാൻ സിദ്ധരാമയ്യ രം​ഗത്ത്

കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനചർച്ചയിൽ ലീ​ഗിനെ അനുനയിപ്പിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രം​ഗത്ത്. വി ഡി സതീശനു വേണ്ടിയാണ് മുസ്ലീം ലീ​ഗ് വാദിക്കുന്നത്. എന്നാൽ, കെ സി വേണു​ഗോപാലിനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള കരുനീക്കങ്ങളുടെ ഭാ​ഗമായാണ് സിദ്ധരാമയ്യ രം​ഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കർണാടക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് പാണക്കാട്ടെത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.

അനുനയ ശ്രമങ്ങളുടെ ഭാഗമായി, ബംഗളൂരു കെഎംസിസി നേതൃത്വത്തിൽ നിന്നുള്ള ഒരാളെ കർണാടക നിയമസഭയിലേക്ക് എംഎൽസിയായി പരിഗണിക്കാമെന്ന നിർദേശവും സിദ്ധരാമയ്യ മുന്നോട്ടുവെച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സിദ്ധരാമയ്യയെ സന്ദർശിച്ചിരുന്നു. കാസർകോട് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ ഹാജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കേരള രാഷ്ട്രീയ സാഹചര്യം സിദ്ധരാമയ്യയും അബ്ബാസ് അലി തങ്ങളും തമ്മിലുള്ള ചർച്ചയിൽ വിഷയമായോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, കാസർകോട് മണ്ഡലത്തിൽ വിജയിച്ച കല്ലട്ര മാഹിൻ ഹാജിയെ സിദ്ധരാമയ്യ അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Back to top button