പ്രളയവും ഉരുൾപൊട്ടലും നേരിടാൻ കേരളത്തിൽ ‘ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’….

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലമുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഐഐടി വിദഗ്ധർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രളയ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനുള്ള സമഗ്ര രൂപരേഖ ഐഐടി റൂർക്കിയിലെയും ഐഐടി പാലക്കാട്ടെയും ഐഐഐടി കോട്ടയത്തെയും വിദഗ്ധർ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

സംസ്ഥാനത്ത് ഉണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ വിവിധ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനുള്ള ശാസ്ത്രീയ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിർദേശിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, റിമോട്ട് സെൻസിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കും. പ്രളയസാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പുഴകൾ, തടാകങ്ങൾ, കായലുകൾ എന്നിവിടങ്ങളിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് മുമ്പ് അത് പ്രകൃതിയെയും ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രീയമായി പഠിക്കണമെന്നും ഐഐടി സംഘം നിർദേശിച്ചു.

പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക ബാധ്യത, നടപ്പാക്കൽ രീതി എന്നിവ വിശദമായി പരിശോധിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുക. ഉന്നതതല യോഗത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button