കേരളത്തിൽ മുഖ്യമന്ത്രി തർക്കത്തിൽ പരസ്യ പ്രതിഷേധം പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ചു

കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി വീണ്ടും കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്. മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന നിർദ്ദേശം വന്നതിന് പിന്നാലെയാണ് പുതിയ ഫ്ലക്സ്. പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് ബോർഡ് ഉയർന്നത്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞദിവസം മാറ്റിയിരുന്നു.
ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പരസ്യ പ്രതികരണം സസൂഷ്മം നിരീക്ഷിച്ച ശേഷമാകും മുഖ്യമന്ത്രി കാര്യത്തിലെ തീരുമാനം പ്രഖ്യാപിക്കുക എന്ന് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിൽ ഹൈക്കമാൻഡും കോൺഗ്രസ് നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.
അതേസമയം കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നീക്കങ്ങൾ ഡൽഹിയിൽ സജീവമാകുന്നു. ഹൈക്കമാൻഡ് ചർച്ചകളിൽ ഇപ്പോഴും കെ.സി. വേണുഗോപാലിൻ്റെ പേരിന് തന്നെയാണ് മുൻതൂക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞതോടെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഉപമുഖ്യമന്ത്രി പദം ഉണ്ടാകില്ലെന്നാണ് സൂചന. ഘടകകക്ഷികൾ പച്ചക്കൊടി കാട്ടിയതോടെ കെ.സി. വേണുഗോപാൽ തന്നെയാകും മുഖ്യമന്ത്രിയെന്ന സൂചനകൾ ശക്തമാണ്. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണ്. മുഖ്യമന്ത്രി കെസി തന്നെ ആയേക്കും എന്ന ശക്തമായ സൂചനകളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരങ്ങൾ. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികൾക്കും വലിയ എതിർപ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു.




