10 ലക്ഷം വരുമാനക്കാർക്ക് ഗ്യാസ് സബ്സിഡിക്ക് ‘റെഡ് സിഗ്നൽ’?

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കുമെന്ന സന്ദേശം മൊബൈൽ ഫോണുകളിലെത്തിയതോടെ രാജ്യത്തുടനീളം ഉപഭോക്താക്കളിൽ ആശങ്ക ശക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സബ്സിഡി പൂർണമായി ഒഴിവാക്കിയാൽ സിലിണ്ടർ വില എത്രത്തോളം ഉയരുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ആദായ നികുതി വകുപ്പിൽ നിന്നുള്ള വരുമാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ സന്ദേശങ്ങൾ അയക്കുന്നത്. ”10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നികുതി വിധേയ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഇനി എൽപിജി സബ്സിഡി ലഭിക്കില്ല” എന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിൽ എതിർപ്പുള്ളവർക്ക് ടോൾഫ്രീ നമ്പറിലൂടെയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഏഴ് ദിവസത്തിനകം പരാതി നൽകാമെന്നും, ഇല്ലെങ്കിൽ തീരുമാനം അംഗീകരിച്ചതായി കണക്കാക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
സന്ദേശം വ്യാജമല്ലെന്നും സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും എണ്ണക്കമ്പനികൾ വിശദീകരിക്കുന്നു. അതേസമയം, വ്യക്തികളുടെ വരുമാന വിവരങ്ങൾ ആദായ നികുതി വകുപ്പിൽ നിന്ന് എണ്ണക്കമ്പനികൾക്ക് കൈമാറിയത് സ്വകാര്യതാവകാശ ലംഘനമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
നിലവിൽ ഉജ്ജ്വല പദ്ധതിയിലുള്ള ഉപഭോക്താക്കൾക്ക് ഓരോ സിലിണ്ടറിനും 300 രൂപ വരെ സബ്സിഡി ലഭിക്കുന്നുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ ലഭിച്ചിരുന്ന സബ്സിഡി ഏറെക്കാലം മുൻപേ തന്നെ നിർത്തലാക്കിയിരുന്നു. ഇനി ഉയർന്ന വരുമാനക്കാരിൽ നിന്ന് പൂർണ വിപണിവില ഈടാക്കാനാണ് സർക്കാർ നീക്കമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇപ്പോൾ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില ഏകദേശം 920 രൂപയാണ്. അതേസമയം, 19 കിലോ വാണിജ്യ സിലിണ്ടറിന് 3085 രൂപ വരെയാണ് വില. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഹോട്ടലുകൾക്കും വ്യാപാര ആവശ്യങ്ങൾക്കും നൽകുന്ന പാചകവാതകത്തിന് കിലോയ്ക്ക് 162 രൂപയ്ക്കും മുകളിലാണ് നിരക്ക്. എന്നാൽ വീടുകളിലേക്ക് കുറഞ്ഞ നിരക്കിലാണ് വിതരണം നടക്കുന്നത്. നികുതികൾ ഒഴിവാക്കിയാലും ഓരോ കിലോയ്ക്കും ശരാശരി 50 രൂപയോളം നഷ്ടത്തിലാണ് ഗാർഹിക സിലിണ്ടർ വിതരണം നടക്കുന്നതെന്നാണ് കണക്കുകൾ.
സബ്സിഡി പൂർണമായും ഒഴിവാക്കിയാൽ, 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒരു ഗാർഹിക സിലിണ്ടറിന് നിലവിലെ നിരക്കിൽ നിന്ന് 700 രൂപവരെ അധികം നൽകേണ്ടി വരാമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.



