കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടഞ്ഞു…. യുവാവിനെ ഇടിവള കൊണ്ട് മർദ്ദിച്ച ഗുണ്ട അറസ്റ്റിൽ

തിരുവനന്തപുരം: അയൽക്കാരനായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പനത്തുറ വടക്കേ കൂനംതുരുത്തി സ്വദേശി ഹരി (34) ആണ് പിടിയിലായത്. പ്രതിയുടെ ക്രൂരതയ്ക്കിരയായ പാച്ചല്ലൂർ സ്വദേശി സുരേഷ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം. സുരേഷിന്റെ അയൽക്കാരനായ കിടപ്പുരോഗിയെ ഹരി ആക്രമിക്കുന്നത് കണ്ട് സുരേഷ് അത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി സുരേഷിനെ ആക്രമിച്ചത്. കൈയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് ഹരി സുരേഷിന്റെ തലയിലും മുഖത്തും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് നിലത്തിട്ട് വലിച്ചിഴയ്ക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തിരുവല്ലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയാണ് ഹരി. തിരുവല്ലം, കോവളം സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ അഞ്ചോളം ആക്രമണ കേസുകൾ നിലവിലുണ്ട്.

പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ജനവാസ മേഖലയിൽ ഗുണ്ടാ വിളയാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button