പരാതി നൽകാനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം…. എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ

കൊച്ചി: ലൈംഗികാതിക്രമം, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിൽ പ്രതിയായ എളമക്കര ഗ്രേഡ് എസ്.ഐ മുജീബ് റഹ്മാൻ അറസ്റ്റിലായി. കേസെടുത്തതിനെത്തുടർന്ന് പത്ത് മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന മുജീബ് റഹ്മാൻ ഇന്ന് രാവിലെ നോർത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. തന്റെ ഇങ്കിതത്തിന് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരി കേസിൽ കുടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായും 10 മാസമായി ഈ പീഡനം തുടരുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പത്തനംതിട്ട സ്വദേശിയായ ഡോക്ടറെ ലഹരി കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലും ഇയാൾ പ്രതിയാണ്. ലഹരി കേസിലെ പ്രതികളുടെ ഫോൺ പട്ടികയിൽ ഡോക്ടറുടെ നമ്പറുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി.

സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തികൾ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. നേരത്തെയും സമാനമായ ആരോപണങ്ങൾ നേരിട്ട മുജീബ് റഹ്മാനെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ഇയാൾക്കെതിരെയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ടും പ്രതികൂലമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് യുവതിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ലഹരി മാഫിയയുമായോ മറ്റു ക്രിമിനലുകളുമായോ ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button