കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്…. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെയും അകൽച്ചയുടെയും കഥ പറഞ്ഞ് കെ.വി. തോമസ്

കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനും കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായത് മകൾ പത്മജ വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വമാണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്. തന്റെ ആത്മകഥയായ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലാണ് നിർണ്ണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന വേളയിലാണ് സംഭവങ്ങൾ തുടങ്ങുന്നത്. സോണിയ ഗാന്ധിയുടെ പ്രതിനിധിയായി പത്മജ വേണുഗോപാലിന്റെ പേര് അവർ അറിയാതെ തന്നെ കരുണാകരൻ പട്ടികയിൽ എഴുതിച്ചേർക്കുകയായിരുന്നു. കരുണാകരന്റെ ഈ നീക്കം കോൺഗ്രസിലെ വിരുദ്ധ വിഭാഗം (എ ഗ്രൂപ്പ്) കണ്ടെത്തുകയും ഉടൻ തന്നെ സോണിയ ഗാന്ധിയെ വിവരം അറിയിക്കുകയും ചെയ്തു. സ്വന്തം പേരിൽ വ്യാജമായി സീറ്റ് ഉറപ്പിക്കാൻ ശ്രമിച്ചതറിഞ്ഞ സോണിയ കരുണാകരനോട് കടുത്ത ദേഷ്യം പ്രകടിപ്പിച്ചു.
സോണിയയുടെ കർശന നിർദ്ദേശപ്രകാരം പത്മജയുടെ പേര് പട്ടികയിൽ നിന്ന് വെട്ടിമാറ്റി. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് കരുണാകരനെ സംബന്ധിച്ച് വലിയ ആഘാതമായിരുന്നു. ഈ സംഭവമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ പോരിലേക്കും കരുണാകരൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്കും നയിച്ച പ്രധാന ഘടകമെന്ന് കെ.വി. തോമസ് പുസ്തകത്തിൽ വിശദീകരിക്കുന്നു. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണ്ണായകമായ പല ചരിത്ര സംഭവങ്ങളുടെയും അറിയാപ്പുറങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കെ.വി. തോമസിന്റെ ഈ പുസ്തകം.



