മുഖ്യൻ ആര്? പ്രഖ്യാപനം ഉടൻ…. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായതായും ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഇനിയും ചർച്ചകളുടെ ആവശ്യമില്ല. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി അംഗീകരിക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നുവെന്ന ആരോപണങ്ങളെ ചെന്നിത്തല തള്ളി. ജനാധിപത്യ പ്രക്രിയയിൽ കൂടിയാലോചനകൾക്ക് സമയമെടുക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ തവണ ഇടതുപക്ഷം സർക്കാർ രൂപീകരിക്കാൻ എടുത്ത സമയത്തേക്കാൾ കുറഞ്ഞ സമയം മാത്രമേ യു.ഡി.എഫിന് വേണ്ടി വന്നിട്ടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുന്നണിയിലെ ഘടകകക്ഷികളുമായും ആവശ്യമായ എല്ലാ ചർച്ചകളും പൂർത്തിയായി. ഇനി ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുക എന്ന നടപടിക്രമം മാത്രമേ ബാക്കിയുള്ളൂ.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ നടത്തുന്ന ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ഇനി ഒരു ചർച്ചയുടെ ആവശ്യം നിലവിലില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ഹൈക്കമാൻഡ് തീരുമാനത്തിന് കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

Related Articles

Back to top button